വാഹന മോഡിഫിക്കേഷന് സർക്കാർ അനുമതി; ഏഴ് തരം മാറ്റങ്ങൾക്ക് വഴിയൊരുങ്ങി
സംസ്ഥാനത്ത് വാഹനങ്ങളിൽ നിർദ്ദിഷ്ട രീതിയിലുള്ള മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്കാണ് അംഗീകാരം. എന്നാൽ ഏതൊരു രൂപമാറ്റത്തിനും എംവിഡിയുടെ അനുമതി വേണ്ടിവരും.
വാഹനത്തിന്‍റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എൻജിൻ മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്കരിക്കാം, അംഗീകൃത റിട്രോഫിറ്റ്മെന്‍റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റാം, പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റാം, ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റാം എന്നിവയാണ് അനുവദിച്ചിരിക്കുന്ന മോഡിഫിക്കേഷനുകൾ.
റജിസ്റ്ററിങ് അതോറിറ്റികള്‍ നിർമാതാവിന്‍റെ സ്‌പെസിഫിക്കേഷനുകളുടെയും വാഹനത്തിന്‍റെ ടൈപ്പ് അപ്രൂവല്‍/പ്രോട്ടോടൈപ്പ് അപ്രൂവലിന്‍റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷന്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങള്‍ ആര്‍സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്. അതേസമയം മാറ്റങ്ങൾ ആർസിയിൽ രേഖപ്പെടുത്താതെ വാഹനം ഉപയോഗിച്ചാൽ പിഴ ഈടാക്കും.