ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സർക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് ഇനി അറുതിയാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മത്സരങ്ങൾക്കുള്ള ചെലവ് കണ്ടെത്താനാകാതെ താരങ്ങൾ വലയുന്ന സാഹചര്യം ഒഴിവാക്കുമെന്നും, ധനമന്ത്രി എന്ന നിലയിൽ ഇനിമുതൽ ഒരാൾക്കും ഫണ്ട് മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ജി.വി. രാജ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
"നിങ്ങൾ എങ്ങോട്ടും പോകേണ്ടതില്ല, ഇവിടെ നിന്നാൽ നിങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും സർക്കാർ ഒരുക്കിത്തരും," എന്ന് മുഖ്യമന്ത്രി കായിക താരങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. കായിക മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ മികച്ച താരങ്ങൾക്ക് അർഹമായ സർക്കാർ ജോലി ഉറപ്പാക്കുമെന്നും, കേരളത്തിൽ ഉടനീളം പുതിയ കളിസ്ഥലങ്ങൾ വ്യാപകമായി നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറ ലഹരിക്ക് അടിപ്പെടാതെ കായികരംഗത്ത് പൂർണ്ണ ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
അതിനിടെ, കായിക വകുപ്പിന്റെ പുതിയ സെലിബ്രിറ്റി ഇൻഫ്ലുവൻസറായി പ്രമുഖ ചലച്ചിത്ര താരം ആന്റണി വർഗീസ് പെപ്പെയെ തെരഞ്ഞെടുത്തതായി ചടങ്ങിൽ കായിക മന്ത്രി ഒ.ജെ. ജനീഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കായിക രംഗത്തെ പുതിയ തലമുറയിലേക്ക് കൂടുതൽ സജീവമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.