സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു; ചർച്ചയിൽ അനുകൂല തീരുമാനം
Jan 12, 2026, 23:19 IST
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ഇന്ന് ആരോഗ്യ-ധനകാര്യ വകുപ്പുകളുമായി നടത്തിയ ചർച്ച അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള-ഡി.എ കുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക, താൽക്കാലിക-കൂട്ട സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവെച്ചിരുന്നത്. ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
സർക്കാർ നടപടികൾ ഉണ്ടാകുന്നതുവരെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന മുൻ തീരുമാനം തുടരാനും ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിലെ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിലവിൽ സമരം പിൻവലിച്ചിരിക്കുന്നത്.