സെക്രട്ടേറിയറ്റിലെ ആക്‌സസ് കൺട്രോൾ സംവിധാനത്തിൽ മാർഗനിർദേശങ്ങൾ കടുപ്പിച്ച് സർക്കാർ; പാലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി

 

സെക്രട്ടേറിയറ്റിലെ ജീവനക്കാർ കൃത്യമായി ജോലിചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിൽ കൂടുതൽ മാർഗ നിർദേശങ്ങളുമായി സർക്കാർ. ആക്‌സസ് കൺട്രോൾ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കു പുറമേയാണ് പുതിയ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകരിൽനിന്ന് തിരിച്ചറിയിൽ കാർഡ് വിഎഫ്‌സിയിൽ വാങ്ങി ആക്‌സസ് കൺട്രോൾ കാർഡ് നൽകണം. കാർഡ് നഷ്ടമായാൽ 500 രൂപ ഫൈൻ ഈടാക്കും. യഥാർഥ തിരിച്ചറിയൽ കാർഡില്ലാതെ ആരെങ്കിലും വന്നാൽ പ്രസ്തുത വ്യക്തി ആരെയാണോ കാണാൻ വന്നത് അവരുടെ ഉറപ്പിന്മേൽ മാത്രം കാർഡ് അനുവദിക്കണമെന്നാണ് നിർദേശം.

ജീവനക്കാർ സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും ആക്‌സസ് കൺട്രോൾ സംവിധാനം വഴി മാത്രമായിരിക്കണം. ഒരു സമയത്ത് ഒരാൾ മാത്രമായിരിക്കണം ആക്‌സസ് കൺട്രോൾ സിസ്റ്റം വഴി അകത്തു കയറേണ്ടത്. സെക്രട്ടേറിയറ്റ് ഇതര ജീവനക്കാർക്കും പൊതുമരാമത്തു വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്കും നൽകിയിരിക്കുന്ന ആക്‌സസ് കൺട്രോൾ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ അതതു വിഭാഗങ്ങളിലെ മേധാവികളെ ചുമതലപ്പെടുത്തി. സെപ്റ്റംബർ 30 വരെ ആക്‌സസ് കൺട്രോൾ സംവിധാനം വഴി സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നവരുടെ ഡേറ്റ കെൽട്രോൺ സംവിധാനം വഴി ഉറപ്പാക്കേണമെന്നും നിർദേശമുണ്ട്. സംവിധാനത്തിന് കേടുപാടുകൾ വരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്