മന്ത്രിമാർക്കും അതിഥികൾക്കുമായി 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ അനുമതി; ചെലവ് 9.60 കോടി രൂപ
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികൾക്കുമായി 24 പുതിയ ടൊയോട്ട ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും ഉൾപ്പെടെ 22 കാറുകളും, സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്കായി രണ്ട് കാറുകളുമാണ് വാങ്ങുന്നത്. ഇന്നോവയുടെ ഏറ്റവും ഉയർന്ന മോഡലുകളാണ് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പാണ് കാറുകൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക ഉത്തരവിറക്കിയത്. ഇതിനായി 9.60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പല വാഹനങ്ങൾക്കും കാലപ്പഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കാറുകൾ വാങ്ങാനുള്ള നടപടി.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷം മുൻ സർക്കാരിന്റെ കാലത്തുള്ള പഴയ വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. വാഹനങ്ങളുടെ കാലപ്പഴക്കം കാരണം യാത്രാമധ്യേ കേടാകുന്നതായി മന്ത്രിമാർ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങാൻ അനുമതി നൽകിയത്.