നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് സർക്കാർ റദ്ദാക്കി
സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ നടപടി തിരുത്തി സർക്കാർ. നെടുമ്പാശ്ശേരി സിയാലിലെ മൂന്നാം ടെർമിനലിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിന് അനുവദിച്ച എഫ്.എൽ.-7 (FL-7) ലൈസൻസും ഇതുസംബന്ധിച്ച അനുമതിയുമാണ് സർക്കാർ റദ്ദാക്കിയത്. എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ എഫ്.എൽ.-7 ഉൾപ്പെടെയുള്ള പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. പുതിയ മദ്യനയം നിലവിൽ വന്നശേഷം താൽപ്പര്യമുള്ളവർക്ക് വീണ്ടും ലൈസൻസിനായി അപേക്ഷിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് സിയാലിലെ എയർലോഞ്ചിന് നേരത്തെ ലൈസൻസ് അനുവദിച്ചിരുന്നത്. ലൈസൻസിനായി കമ്പനി അടച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകിയാൽ മതിയെന്നും ഉത്തരവിലുണ്ട്.
സർക്കാർ അനുമതിയില്ലാതെ പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചെന്ന ആരോപണത്തെത്തുടർന്ന് ശ്രീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദമായ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.