ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ

 

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പരാതി മാനനഷ്ട കേസ് ആണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മാനനഷ്ട കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കൽ കേസ് ആണെന്നും അൻസിബ കോടതിയിൽ പറഞ്ഞു.

പാലാരിവട്ടം പൊലീസിലാണ് അൻസിബ പരാതി നൽകിയിരുന്നത്. വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി. കേസ് പരിഗണിക്കുന്നത്  ഈ മാസം  21ലേക്ക് മാറ്റി.

നേരത്തെ കോടതി നിർദേശത്തിന് പിന്നാലെ അൻസിബക്കെതിരായ ജിഹാദി പരാമർശത്തിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.