എൽപിഎസ്സി റാങ്ക് ഹോൾഡേഴ്സുമായുള്ള സർക്കാർ ചർച്ച അനിശ്ചിതത്വത്തിൽ; അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ധനവകുപ്പിന്റെ എതിർപ്പ്
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന എൽപിഎസ്സി റാങ്ക് ഹോൾഡേഴ്സുമായുള്ള സർക്കാർ ചർച്ച അനിശ്ചിതത്വത്തിൽ. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിനെതിരെ ധനവകുപ്പ് രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിർദേശത്തെ എതിർത്തത്.
തസ്തിക നഷ്ടപ്പെടാൻ സാധ്യതയുള്ള സർക്കാർ സ്കൂളുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഡിവിഷൻ ഫാൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അനുപാതത്തിൽ മാറ്റം വരുത്തി അധ്യാപക തസ്തികകൾ നിലനിർത്താമെന്നും വകുപ്പ് മുന്നോട്ടുവെച്ചിരുന്നു.
നിർദേശം അംഗീകരിച്ചാൽ സമരക്കാരുമായി ഇന്ന് തന്നെ ചർച്ച നടത്താനായിരുന്നു സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദേശം നേരത്തെ ധനവകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ധനവകുപ്പിന്റെ എതിർപ്പോടെ തീരുമാനം മുഖ്യമന്ത്രിയുടെ പരിഗണനയിലേക്ക് നീങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ.