ഓണക്കാല ചെലവിന് 2200 കോടി കടമെടുക്കാൻ സർക്കാർ
Updated: Aug 17, 2026, 13:41 IST
ഓണക്കാലത്തെ ചെലവുകൾക്കായി 2200 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത എന്നിവയ്ക്കായി ഏകദേശം 10,000 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള ആകെ കടമെടുപ്പ് 14,400 കോടി രൂപയാകും.
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കടപ്പത്ര ലേലം നടത്താനാണ് തീരുമാനം.
സർക്കാർ ജീവനക്കാർക്ക് ഇത്തവണ 4,500 രൂപയാണ് ഓണം ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്തയായി നൽകും. തിരിച്ചുപിടിക്കുന്ന അഡ്വാന്‍സായി മുന്‍വര്‍ഷത്തിന് സമാനമായി പരമാവധി 20,000 രൂപയാണ് ലഭിക്കുക. ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് തീരുമാനം.