കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; നിയമനങ്ങളും ശമ്പള ഘടനയും പുനഃപരിശോധനയ്ക്ക്
കിഫ്ബിയുടെ പ്രവർത്തന ഘടനയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ യുഡിഎഫ് സർക്കാർ . കിഫ്ബിയെ പൂർണ്ണമായും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും സുതാര്യമാക്കാനുമുള്ള നടപടികളാണ് ആരംഭിച്ചത്.ഇതിന്റെ ഭാഗമായി കിഫ്ബിയിലെ നിയമനങ്ങൾ, ശമ്പള ഘടന, പുനർനിയമനങ്ങൾ എന്നിവ വിശദമായി പുനഃപരിശോധിക്കാനാണ് തീരുമാനം. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
നിലവിൽ കിഫ്ബിയിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന അമ്പതിലധികം ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. കൂടാതെ കിഫ്ബി നേരിട്ട് നിയമിച്ച 400-ഓളം കരാർ ജീവനക്കാരുടെ നിയമനവും പുനഃപരിശോധനയ്ക്ക് വിധേയമാക്കും.ജീവനക്കാരുടെ സംഭാവനയും പ്രവർത്തന കാര്യക്ഷമതയും പ്രത്യേകം വിലയിരുത്തും. 180 ജീവനക്കാരുള്ള ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ അത്യാവശ്യമായ ജീവനക്കാരെ മാത്രം നിലനിർത്താനാണ് ആലോചന. കിഫ്ബിയുടെ കീഴിലുള്ള 'കിഫ്‌കോൺ' കൺസൾട്ടൻസി ഏജൻസി വഴി ശമ്പളം കൈപ്പറ്റുന്നവരുടെ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ പ്രവർത്തനങ്ങളെ ചൊല്ലി ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സർക്കാർ ഈ നടപടികളിലേക്ക് നീങ്ങുന്നത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് സൂചന.