മെസിയെ എത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി വെട്ടിപ്പ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക സംഘം
ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന പ്രചാരണത്തിന്റെ മറവിൽ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ചു. കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും ബാക്ക്ഗ്രൗണ്ടും പ്രത്യേക സംഘം പരിശോധിക്കും. കേസിൽ നേരത്തെ കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. വിദേശത്തേക്ക് കൈമാറിയ 216 കോടി രൂപയിൽ 22.68 കോടി രൂപ ജിഎസ്ടി ഇനത്തിൽ അടയ്ക്കണമെന്നാണ് ആവശ്യം.
വിഷയത്തിൽ നോട്ടീസ് അയച്ചിട്ടും തുടർനടപടി സ്വീകരിക്കാതിരുന്നതിൽ കാഞ്ഞങ്ങാട് ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാരംഭ റിപ്പോർട്ട് ബുധനാഴ്ച സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.