പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; ആറ് പേർ കസ്റ്റഡിയിൽ
Apr 1, 2026, 12:02 IST
എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ അതിഥി തൊഴിലാളിയെ സഹപ്രവർത്തകർ ചേർന്ന് തല്ലിക്കൊന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇയാളും അതിഥി തൊഴിലാളിയാണെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതികളും കൊല്ലപ്പെട്ട യുവാവും ഒരേ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്. പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ കാണാതായതിനെത്തുടർന്ന് യുവാവിനെ ചോദ്യം ചെയ്യുകയും തുടർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആറംഗ സംഘം ചേർന്ന് മാരകായുധങ്ങളുപയോഗിച്ച് യുവാവിനെ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.