ഗൺമാൻമാരുടെ മർദനക്കേസ്: തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദനത്തിനിരയായവർ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. മർദനത്തിനിരയായ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതികളായ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്.എ.ഡി. തോമസ് എംഎൽഎ, അജയ് ജൂവൽ കുര്യാക്കോസ്, കേസിലെ സാക്ഷികൾ എന്നിവരെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് ഓഫിസിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.

അതേസമയം, അക്രമത്തിനുപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എ.ഡി. തോമസ് പറഞ്ഞു. ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണെന്നും, ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിൽ പ്രതികൾ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും എ.ഡി. തോമസ് പറഞ്ഞു.മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച വാഹനം ആലപ്പുഴ ജനറൽ ആശുപത്രിക്ക് അടുത്തെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതും ഗൺമാൻമാർ മർദിച്ചതും. കേസിൽ പ്രതികളായ 5 പേർക്കും കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.