'ബിജെപി സ്ഥാനാർഥിയാവാൻ ഗ്യാനേഷ് കുമാർ നിർദേശിച്ചു'; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി മുൻ കേരള ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജിജി തോംസൺ. കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചുവെന്നാണ് ജിജി തോംസൺ അവകാശപ്പെടുന്നത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു നിർദേശം.

‘സർവീസിലിരിക്കെ നല്ല സൗഹൃദത്തിലായിരുന്നു ഞങ്ങൾ. വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നുവെന്നാണ് ഞാൻ മറുപടി നൽകിയത്. 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക. എന്നിട്ട് എംപിയാവുക, മന്ത്രിയാവുക, അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. 2016-ലായിരുന്നു അത്. വിമാനയാത്രയ്ക്കിടെയാണ് ഈ സംസാരമുണ്ടായത്. ഞാൻ അപ്പോൾതന്നെ അത് നിഷേധിച്ചു. അന്ന് അദ്ദേഹം കേന്ദ്രസർവീസിലുണ്ടായിരുന്നു.’- ജിജി തോംസണിന്റെ വാക്കുകൾ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ നിഷ്പക്ഷതയും പ്രവർത്തനരീതികളും ചോദ്യം ചെയ്യപ്പെട്ട് ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഗ്യാനേഷ് കുമാറിനുണ്ടായിരുന്ന രാഷ്ട്രീയ ആഭിമുഖ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനകംതന്നെ രംഗത്തുവന്നിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.