പകുതി വില തട്ടിപ്പ്; . സത്യം പുറത്ത് വരും, കേസ് അന്വേഷണം നടക്കട്ടെ: പ്രതി അനന്തു കൃഷ്ണന്‍

 

പകുതി വില തട്ടിപ്പില്‍ പ്രതികരിച്ച് പ്രതി അനന്തു കൃഷ്ണന്‍. സത്യം പുറത്ത് വരും. കേസ് അന്വേഷണം നടക്കട്ടെയെന്നാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സന്നദ്ധ സംഘടനകള്‍ വഴിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അനന്തു കൂട്ടിച്ചേര്‍ത്തു.


നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം. തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ് ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. അതേ സമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.