ഹസീനയുടെ മരണം: ചികിത്സപ്പിഴവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്

 

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശേരി സ്വദേശിനി ഹസീന മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായതായി ആരോഗ്യവകുപ്പിന്റെ മൂന്നംഗ അന്വേഷണസംഘം കണ്ടെത്തിയെന്ന് മന്ത്രി കെ. മുരളീധരൻ. അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.

മൂന്നാഴ്ച മുമ്പാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി ഹസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്‌തെങ്കിലും കടുത്ത പനിയെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. പിന്നാലെ രക്തസ്രാവമുണ്ടായതോടെ ആരോഗ്യനില വഷളാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ് മരണം സംഭവിച്ചത്.

ചികിത്സപ്പിഴവുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണസംഘത്തെ നിയോഗിച്ചത്. സംഘം നടത്തിയ അന്വേഷണത്തിലാണ് ചികിത്സപ്പിഴവുണ്ടായതായി കണ്ടെത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.