ഹൈക്കോടതി ഉത്തരവ്:എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; സർവകലാശാലയ്ക്കും സി.പി.എമ്മിനും നോട്ടീസ്
എ.കെ.ജി സെന്റർ കൈവശം വച്ചിരിക്കുന്ന ഭൂമി അളക്കാൻ തിരുവനന്തപുരം തഹസിൽദാർക്ക് സംസ്ഥാന റവന്യൂ വകുപ്പ് നിർദേശം നൽകി. രണ്ട് സർവേ നമ്പറുകളിലായി വരുന്ന ഭൂമിയാണ് നാളെ രാവിലെ 10ന് അളക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഭൂമി സർവേയിൽ കേരള സർവകലാശാലയുടെയും എ.കെ.ജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് നൽകി.
സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
1977ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കാലത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചതാണ്. എന്നാൽ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ ഭൂമി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനായി ഉപയോഗിച്ചെന്നാണ് ഹർജിയിലെ ആരോപണം. ഭൂമി സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നും ആർ.എസ്. ശശികുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.