ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെയ്ക്കണം: നിർദേശം നൽകി ഹൈക്കോടതി

 

ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തി വെയ്ക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ എന്നീ സ്ഥലങ്ങളിലുള്ള ഓഫീസുകളുടെ നിർമാണം അടിന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.

ആവശ്യമുണ്ടെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനായി കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി അറിയിച്ചു. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. ശാന്തൻപാറയിലെ ഓഫീസ് നിർമാണത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നാരോപിച്ച് കോൺഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു.

കെട്ടിടങ്ങളുടെ നിർമാണം എൻഒസി ഇല്ലാതെയാണ് നടത്തിയിട്ടുള്ളത് എന്നായിരുന്നു കലക്ടറുടെയും കണ്ടെത്തൽ. ഇത്‌ പ്രകാരം നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകി. എന്നാൽ ഇതിന് ശേഷവും നിർമാണപ്രവർത്തനങ്ങൾ തുടരുകയും ദേശീയമാധ്യമങ്ങൾ അടക്കം ഇത് ചർച്ച ചെയ്യുകയും ചെയ്തു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മൂന്നാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ബെഞ്ച് അടിയന്തരമായി നിർമാണം നിർത്തി വയ്ക്കണമെന്ന് നിർദേശം നൽകിയത്.