'ഫ്രഷ് കട്ട്' അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; നാളെ സംയുക്ത പരിശോധന
കോഴിക്കോട് താമരശ്ശേരിയിലെ 'ഫ്രഷ് കട്ട്' അറവുമാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപനത്തിൽ നാളെ മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടറും സംയുക്ത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. പരിശോധനയ്ക്ക് ശേഷമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഫാക്ടറിയുടെ പ്രവർത്തനം തുടരുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കമ്പനിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കണമെന്ന് കാണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്കും ജനവാസ മേഖലയിലേക്കും ഒഴുകിയെത്തുന്നതായി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുൻപും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ഈടാക്കിയിട്ടുണ്ട്.