വാക്ക് പാലിച്ചു;പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസഹായം; 24 ലക്ഷം രൂപ അനുവദിച്ചതായി സുരേഷ് ഗോപി
കേരളത്തിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ 24 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചതായി കേന്ദ്ര പെട്രോളിയം, നാച്ചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പുലിക്കളിക്കിടെ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തത് കാരണമാണ് ഫണ്ട് വൈകിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ, തൃശൂരിന്‍റെ സാംസ്കാരിക പാരമ്പര്യത്തിനും ഈ കലാരൂപത്തിനും യാതൊരു തടസ്സവും നേരിടാതിരിക്കാൻ ഈ തവണ പ്രത്യേക കേസായിട്ടാണ് അനുമതി തേടിയതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ ചട്ടങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണമായി അനുവദിച്ചിരിക്കുന്നത്.
ജൂലൈ 27-ലെ അനുമതിക്കത്തുമായി ബന്ധപ്പെട്ട ഫോട്ടോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഓണാഘോഷ വേളയിൽ പുലിക്കളിക്ക് കൂടുതൽ കരുത്തേകാനും കേരളത്തിന്റെ തനത് സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ കൂടുതൽ ശ്രദ്ധ നേടാനും ഈ ധനസഹായം സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.