കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതിവച്ച് വീടുവിട്ടു; പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ എസ്.ഐ.ടി
കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് പണം നഷ്ടമായതിനെ തുടർന്ന് പിതാവ് ഫോൺ പിടിച്ചുവെച്ചതിലുള്ള ദേഷ്യത്തിലാണ് ശിവസൂര്യ വീടുവിട്ടത്. 'കാശിയിലേക്ക് പോകുകയാണെന്നും അവിടെ കഴിഞ്ഞ് ദൈവത്തിൽ അലിയുമെന്നും' എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. തലശ്ശേരി എസ്.പിയുടെ സ്ക്വാഡും ചൊക്ലി പോലീസും അന്വേഷിച്ചിട്ടും കുട്ടിയെ കുറിച്ച് സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് എസ്.ഐ.ടിയെ ചുമതലപ്പെടുത്തിയത്.
പൊലീസ് നായകളെ എത്തിച്ച് വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് വിദ്യാർഥി വീടുവിട്ടിറങ്ങിയത്. സംസ്ഥാനത്തിന് പുറത്തേക്കും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.