ബലാത്സംഗവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞു; 14കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്
മലപ്പുറം കരുവാരക്കുണ്ട് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പ്രതിയായ പ്ലസ് ടു വിദ്യാർഥി പോലീസിനോട് സമ്മതിച്ചു. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലെത്തിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും ഈ വിവരം പെൺകുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാറുകാരന്റെ മൊഴി. ഇതേ സ്കൂളിൽ തന്നെ പഠിക്കുന്ന പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയിലുള്ള റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ നിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ആൺസുഹൃത്തായ പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തെ മുതൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.
പ്രതി പെൺകുട്ടിയെ ശല്യം ചെയ്യുന്നതായി കാട്ടി മാതാവ് മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് പോലീസെത്തി ആൺകുട്ടിയെ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നതാണ്. ഇന്നലെ വൈകിട്ടോടെ ഇരുവരും വാണിയമ്പലത്ത് എത്തിയതായാണ് പ്രാഥമിക നിഗമനം. ഇവർ ട്രെയിൻ മാർഗമാണോ എത്തിയതെന്ന കാര്യത്തിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം ജില്ലയെ നടുക്കിയ ഈ സംഭവത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.