മകളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൊഴിയിൽ ഒപ്പുവപ്പിച്ചു; ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി റിയാസിന്റെ സുഹൃത്ത്

 

പി.എ. മുഹമ്മദ് റിയാസിനെതിരായ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്ന ഗുരുതര ആരോപണവുമായി സുഹൃത്തും വ്യവസായിയുമായ ഹസൻ വാരിസ്. സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹസൻ സത്യവാങ്മൂലം നൽകി.

മുഹമ്മദ് റിയാസ് തനിക്ക് വൻതുക കൈമാറിയെന്ന് മൊഴി നൽകാൻ ഇഡി ആവശ്യപ്പെട്ടെന്നും, മൊഴി നൽകാൻ വിസമ്മതിച്ചപ്പോൾ 22 വയസ്സുള്ള മകളെ കേസിൽ പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഹസന്റെ ആരോപണം. ഭീഷണിപ്പെടുത്തിയാണ് മൊഴിപ്പകർപ്പിൽ ഒപ്പുവപ്പിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഓഗസ്റ്റ് 18ന് ഹസൻ വാരിസിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മൊഴിയിൽ നിർബന്ധിച്ച് ഒപ്പുവപ്പിച്ചതെന്നാണ് ഹസന്റെ ആരോപണം.

ഓഗസ്റ്റ് 18ന് രേഖപ്പെടുത്തിയ മൊഴി നിയമപരമായി സാധുവല്ലെന്നും ഭീഷണിപ്പെടുത്തി ഒപ്പുവപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് മൊഴി പിൻവലിക്കാനുള്ള സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.