'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് അധിക്ഷേപിച്ചു; ജി. സുധാകരന് സിപിഎം നേതാവിന്റെ വക്കീൽ നോട്ടീസ്

 

മാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും 'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനെതിരെ വക്കീൽ നോട്ടീസ്. ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും നഗരസഭയിലെ എൽഡിഎഫ് കക്ഷി നേതാവുമായ വി.ജി. വിഷ്ണുവാണ് വക്കീൽ നോട്ടീസ് അയച്ചത്.

അപകീർത്തികരമായ പരാമർശങ്ങൾക്ക് 70 ലക്ഷം രൂപ മാനനഷ്ടം നൽകണമെന്നാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം. പരസ്യമായി നടത്തിയ അധിക്ഷേപ പ്രസ്താവനകൾ പിൻവലിക്കാൻ സുധാകരൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി.ജി. വിഷ്ണു നോട്ടീസിൽ വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി സുധാകരൻ തുടരുന്ന വാക്പോരുകളുടെ തുടർച്ചയാണ് ഈ നിയമനടപടി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹിയുമായ വിഷ്ണുവിനെതിരെ അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ ജി. സുധാകരൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് ഇപ്പോൾ വിഷ്ണു നിയമവഴി തേടിയിരിക്കുന്നത്.