ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മൺസൂൺ അവസാനിക്കുന്ന സാഹചര്യത്തിൽ ഇടവിട്ടു പെയ്യുന്ന മഴയും വെയിലും കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്നതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
വീടുകളിലും സ്ഥാപനങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ, എയർ കൂളറുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഇത്തരം ഉറവിടങ്ങളിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതിനാൽ ആഴ്ചയിലൊരിക്കൽ 'ഡ്രൈ ഡേ' ആചരിച്ച് വീടിനകവും പുറവും കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം.
പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.