വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ 'ഓപ്പറേഷൻ സൗന്ദര്യ' കടുപ്പിച്ച് ആരോഗ്യവകുപ്പ്; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും, വ്ലോഗർമാർക്കും കുരുക്ക്
അംഗീകാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിപണനത്തിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക് കടക്കുന്നു. 'ഓപ്പറേഷൻ സൗന്ദര്യ' എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് കർശന നിർദ്ദേശം നൽകി. ഇത്തരം അപകടകരവും വ്യാജവുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഫെയ്സ്ക്രീമിലെ വിഷബാധയെത്തുടർന്ന് മലപ്പുറം സ്വദേശിയായ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അടിയന്തര ഇടപെടൽ ശക്തമാക്കുന്നത്.
കടകളിലെ നേരിട്ടുള്ള വിൽപ്പനയ്ക്ക് പുറമേ ഓൺലൈൻ വിപണനവും കർശനമായി നിയന്ത്രിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യങ്ങൾ നൽകി ഗുളികകൾ, ഓയിൽമെന്റുകൾ, തൈലങ്ങൾ എന്നിവ വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ഫെയ്സ് ഷീറ്റുകൾ, ഫെയർനെസ് ഉൽപ്പന്നങ്ങൾ, ചർമ്മത്തിന്റെ നിറവും സൗന്ദര്യവും വേഗത്തിൽ വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ എന്നിവയുടെ വിപണനം പ്രത്യേകമായി പരിശോധിക്കും. മംഗലാപുരം, കാസർകോട് മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അനധികൃതമായി സൗന്ദര്യവർദ്ധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നതായാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. പാകിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വ്യാജ ഉൽപ്പന്നങ്ങളിൽ നിർമ്മാതാക്കളുടെ പേരോ, നിർമ്മാണ തീയതിയോ, കാലാവധിയോ രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ അവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും ഇൻഫ്ലുവൻസർമാരെയും കർശന നിരീക്ഷണത്തിലാക്കാനും നിയമനടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.