ബി.പി.എൽ വിഭാഗത്തിന് ഹൃദയ പരിശോധന സൗജന്യമാക്കും: മന്ത്രി കെ. മുരളീധരൻ
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ട്രോപ്പ് ടി പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫലപ്രദവും കൃത്യതയുള്ളതുമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. മരുന്നിന്റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമുള്ള കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ശുദ്ധമായ ഭക്ഷണവും ശുദ്ധവായുവും ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും എല്ലാവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.