സംസ്ഥാനത്ത് ചൂട് കനക്കുന്നു; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

 

സംസ്ഥാനത്ത് ചൂട് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. പുനലൂരിൽ ഇന്നലെ 36.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ എല്ലാവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും ORS ലായനി, സംഭാരം എന്നിവ ഉപയോഗിക്കുകയും വേണം. പകൽസമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്.

അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. സ്‌കൂളുകളിൽ ശുദ്ധജലവും മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. ഉച്ചസമയത്തെ അസംബ്ലികളും വിനോദസഞ്ചാര യാത്രകളും ഒഴിവാക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് ഉച്ചസമയത്ത് മതിയായ വിശ്രമവും തണലും ഉറപ്പാക്കണമെന്നും നിർദേശിച്ചു.

കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകുന്നതും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.