സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരത്ത് റെഡ് അലർട്ട്; ഇടിമിന്നലേറ്റ് ഒരു മരണം
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ടും, കൊല്ലത്ത് ഓറഞ്ച് അലർട്ടും നൽകി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.
മഴയോടൊപ്പം പെയ്ത ശക്തമായ ഇടിമിന്നലിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഒരാൾ മരിച്ചു. പരശുവയ്ക്കൽ സ്വദേശി വിൻസെന്റ് (52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അജേഷ്, ദാസയ്യൻ എന്നിവർക്ക് പരിക്കേറ്റു. സ്വകാര്യ പുരയിടത്തിൽ ജോലിക്കിടെയാണ് ഇവർക്ക് മിന്നലേറ്റത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.