അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

 

സംസ്ഥാനത്ത് മഴ കനത്തതോടെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.

അതിശക്തമായ മഴ കണക്കിലെടുത്ത് തൃശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.