കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.അതേസമയം, സർവകലാശാല പരീക്ഷകളും പി.എസ്.സി പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്.
മഴക്കെടുതി മുന്നിൽക്കണ്ട് ജില്ലയിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവ നിരോധിച്ചിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോര മേഖലകളിലേക്കും ചുരം പ്രദേശങ്ങളിലേക്കും രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തര ആവശ്യങ്ങൾ ഒഴികെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.