കേരളത്തിൽ നാളെ മുതൽ വീണ്ടും മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രത

 

കേരളത്തിൽ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (ഓഗസ്റ്റ് 23) മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

മറ്റ് ദിവസങ്ങളിലെ യെല്ലോ അലർട്ട്:

  • ആഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
  • ആഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം

തിരുവോണ ദിവസമായ ഓഗസ്റ്റ് 26-ന് നിലവിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. നാളെ രാവിലെ വരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള തീരങ്ങളിൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികളും കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.