സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

 

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ (ഉത്രാട ദിനം) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

തിരുവോണ ദിനത്തിലും മൂന്നാം ഓണത്തിനും മിതമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.