കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

 

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ ന്യൂനമർദം നവംബർ 14-ന് കൂടുതൽ ശക്തിയാർജിക്കുകയും, 15-ഓടെ ഇതേ മേഖലയിൽ തീവ്രന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. നവംബർ 12 മുതൽ 16 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ ഇടത്തരമോ ശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (നവംബർ 12) വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.