വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്ത് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇത്തരം മേഖലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കഴിഞ്ഞ ദിവസവും തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് രാവിലെയുമാണ് അവധി പ്രഖ്യാപിച്ചത്.