സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നതിനിടെയാണ് മഴ മുന്നറിയിപ്പ്.ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം മുനമ്പം മത്സ്യബന്ധന തുറമുഖം മുതൽ മറുവക്കാട് വരെയും തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരപ്രദേശങ്ങളിൽ 0.9 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്.
മലപ്പുറം കടലുണ്ടി മുതൽ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല മത്സ്യബന്ധന തുറമുഖം മുതൽ രാമനാട്ടുകര വരെയും കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർകോട് കുഞ്ഞത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരപ്രദേശങ്ങളിൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്തും 1.3 മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി.