സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ചാത്തന്നൂരിൽ ദേശീയപാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. എഴുകോണിൽ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളുടെ മലയോര മേഖലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
അടുത്ത മൂന്നു ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് (ബുധനാഴ്ച) പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല.