ശക്തമായ മഴ: സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നൽ ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകളിലും ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 9, 10 തീയതികളിൽ കനത്ത ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കും ഒക്ടോബർ 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ സാധാരണ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.