കനത്ത മഴ: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചുപോയി
May 21, 2026, 20:31 IST
വയനാട് തുരങ്കപാത പ്രദേശം ഉൾപ്പെടുന്ന മേഖലയിലുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയി. മുത്തപ്പൻപുഴ അങ്ങാടിക്ക് സമീപം നിർമ്മിച്ചിരുന്ന താൽക്കാലിക പാലമാണ് ശക്തമായ കുത്തൊഴുക്കിൽ തകർന്നത്. തുരങ്ക പാതയ്ക്കായുള്ള റോഡ് നിർമ്മാണം പുരോഗമിക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ പഴയ പാലം പൊളിച്ചുമാറ്റിയാണ് താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നത്.
വൈകുന്നേരത്തോടെ പ്രദേശത്ത് പെയ്ത അതിശക്തമായ മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പാലം ഒലിച്ചുപോയതോടെ മേഖലയിലെ ഗതാഗതവും റോഡ് നിർമ്മാണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. കൂടുതൽ നാശനഷ്ടങ്ങൾ ഒഴുക്കിൽപെട്ട് ഉണ്ടായിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. തകർന്ന ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.