ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.