സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചില ജില്ലകളിൽ മാത്രമായി പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പ് പുതുക്കി, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതിയ പ്രവചനം. ജാഗ്രതയുടെ ഭാഗമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് ബാധകമായിരിക്കും. കൂടാതെ ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തില് തുലാവര്ഷം ആരംഭിച്ചത്. ഇതിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളിൽ മികച്ച മഴയാണ് ലഭിക്കുന്നത്. ഇതിനുപുറമെ അറബിക്കടലില് നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനവും മഴ ശക്തമാകാൻ കാരണമാകുന്നതായി അധികൃതർ വ്യക്തമാക്കി. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.