സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ടുദിവസത്തിനിടെ എട്ട് മരണം

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെയും (തിങ്കൾ) മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ കൂടുതൽ ശക്തമായേക്കും.

അതിനിടെ, കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് എട്ടുപേർ മരണപ്പെടുകയും എട്ടുപേരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. അപകടങ്ങളിൽ പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ടോടെ രൂക്ഷമായ മഴയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.