ശബരിമലക്ക് മുകളിൽ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി; 'അയ്യപ്പനെ തൊഴാൻ' നടത്തിയ നീക്കമെന്ന് കണ്ടെത്തൽ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെതിരെ നടപടി

 

ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്.നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ, ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു കോസ്റ്റ്ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അതീവ സുരക്ഷാ മേഖലയിലുള്ള ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതിനെ തുടർന്ന്, അച്ചടക്ക നടപടിയെന്ന നിലയിൽ നെടുമ്പാശേരിയിലെ ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹ പൈലറ്റും ക്യാമറ ക്രൂവും അടക്കം 3 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥൻ മുൻപും ശബരിമലയിലേക്കും ഗുരുവായൂരിലേക്കും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ പോയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവസമയത്ത് മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ വഴി തെറ്റിയതാണെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ ആദ്യ വിശദീകരണം.