ഹേമ കമ്മിറ്റി റിപ്പോർട്ട്; സിനിമാ മേഖല തകരില്ല; ആരോപിതരായവർക്ക് അവരുടെ ഭാ​ഗം പറയട്ടെ; ജിയോ ബേബി

 

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. പരാതി ഉന്നയിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് വേണ്ടതെന്ന് ജിയോ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപിതരായവർക്ക് അവരുടെ ഭാ​ഗം പറയാൻ നീതിന്യായ വ്യവസ്ഥയുണ്ടെന്നും ജിയോ ബേബി പറഞ്ഞു.

മലയാള സിനിമാ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാവും. വളരെ പെട്ടെന്ന് മാറ്റമുണ്ടാവില്ല, എന്നാൽ മാറ്റത്തിന് കാരണമാവും. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. പെണ്ണുങ്ങളാണ് എന്നുള്ളത് ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. ഇപ്പോഴുള്ള ചർച്ചകൾ സിനിമാ വ്യവസായത്തെ തകർക്കില്ല. റിപ്പോർട്ട് മലയാള സിനിമയിൽ അനിവാര്യമായ ഒന്നാണ്. മലയാള സിനിമയിൽ ടേണിങ് പോയിന്റ് ആയിരിക്കും ഇത്. ഓരോ വെളിപ്പെടുത്തലുകൾക്കും പ്രാധാന്യം ഉണ്ട്. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നവരുടെ കൂടെ നിൽക്കാനാണ് തോന്നുന്നത്. വെളിപ്പെടുത്തൽ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. 

ഇപ്പോഴാണ് വെളിപ്പെടുത്താനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടായത്. ആരോപണം നേരിടുന്നവർക്ക് അത് തെളിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും സംവിധായകൻ ജിയോ ബേബി പറഞ്ഞു. ഇനിയും പുതുതലമുറയ്ക്ക് വന്ന് ജോലി ചെയ്യാനുള്ള സ്ഥലമാണിത്. അത് നന്നാവണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.