ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച നെയ്യാറ്റിൻകര സ്വദേശിനി മരിച്ചു
Mar 3, 2026, 18:43 IST
നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) മരിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ വീടിന് പുറകുവശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.