കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി; പ്രത്യേകം പരീക്ഷ നടത്താനും ഉത്തരവ്

 

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി നിർണ്ണായക ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ നടപടികൾ കോടതി റദ്ദാക്കുകയും ചെയ്തു. ഈ വിധി സർവകലാശാല അധികൃതർക്കും വൈസ് ചാൻസലർ ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയായി മാറി. കോടതി ഉത്തരവിന് പിന്നാലെ സർവകലാശാലയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ നടന്നുവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചതായി അറിയിച്ചു.

പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്. സസ്‌പെൻഷൻ നടപടികൾ സ്വീകരിച്ചത് കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിക്കാതെയാണെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന വാദം.

ഖേദം പ്രകടിപ്പിച്ചാൽ 12 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചിരുന്നത്. എന്നാൽ മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും സസ്‌പെൻഷൻ ഉത്തരവുകൾ റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.