സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

 

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

അതേസമയം, കനത്ത ചൂടിന് ആശ്വാസമേകി നാളെ മുതൽ സംസ്ഥാനത്ത് മഴയെത്തുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ബുധനാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.