ലോക്ഭവനിൽ ഇനി ഇനി ഹിന്ദിമയം
കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേറ്റതോടെ ലോക്ഭവനിൽ ഹിന്ദിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് സൂചന. പ്രസംഗങ്ങളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ഹിന്ദിക്കാണ് ഗവർണർ മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ് ലോക്ഭവനിലെ ജീവനക്കാർ.
കേരള സർവകലാശാലയിൽ നടന്ന ഡീലിറ്റ് ബിരുദദാനച്ചടങ്ങിൽ ഗവർണർ ഹിന്ദിയിലാണ് പ്രസംഗിച്ചത്. മുതിർന്ന നേതാവ് ഒ. രാജഗോപാലിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടുള്ള പ്രതികരണവും ഹിന്ദിയിലായിരുന്നു.
അതേസമയം, സർവകലാശാലയിലെ ചടങ്ങിൽ ഔദ്യോഗിക ഗൗണും തൊപ്പിയും ധരിക്കാൻ ഗവർണർ വിസമ്മതിച്ചതും ചർച്ചയായി. ഇതേത്തുടർന്ന് പ്രോ ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണും ഷർട്ടും മുണ്ടും ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും രജിസ്ട്രാർ രശ്മിയും മാത്രമാണ് ഔദ്യോഗിക വേഷം ധരിച്ചെത്തിയത്.
വർഷങ്ങളായി തുടരുന്ന കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ഗവർണറുടെ നടപടിയെന്ന് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വിമർശിച്ചു. ചടങ്ങിന്റെ ശോഭ കെടുത്തുന്നതാണ് നടപടിയെന്നും അവർ ആരോപിച്ചു.