ബിഎൽഒമാർക്ക് ഓണറേറിയം ; 47 കോടി രൂപ അനുവദിച്ച് തെരഞ്ഞെടുപ്പ് വകുപ്പ്

 

സംസ്ഥാനത്തെ ബൂത്ത് ലെവൽ ഓഫീസർമാർക്കും ബിഎൽഒ സൂപ്പർവൈസർമാർക്കും ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് തെരഞ്ഞെടുപ്പ് വകുപ്പ് ഉത്തരവിറക്കി. വോട്ടർപട്ടികയുടെ തീവ്രപരിഷ്‌കരണ നടപടിയുടെ ഭാഗമായി പ്രവർത്തിച്ച ബിഎൽഒമാർക്കും സൂപ്പർവൈസർമാർക്കും ഓണറേറിയം ലഭിക്കാത്ത വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് എസ്ഐആർ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച 30,000ത്തിലധികം ബിഎൽഒമാർക്കും സൂപ്പർവൈസർമാർക്കുമാണ് തുക ലഭിക്കുക. നാല് മാസത്തോളം ബിഎൽഒമാർ എസ്ഐആർ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാൽ ഡ്യൂട്ടി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഓണറേറിയവും യാത്രച്ചെലവും ലഭിക്കാത്തതിനെ തുടർന്നാണ് വിഷയം വാർത്തയായത്.

എസ്ഐആർ ഡ്യൂട്ടിക്കായി ബിഎൽഒമാർക്ക് 6,000 രൂപ ഓണറേറിയം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പിന്നാലെ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയ പുതുച്ചേരി, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുക വിതരണം ചെയ്തിരുന്നു. ഇതോടെയാണ് കേരളത്തോടുള്ള അവഗണന ചർച്ചയായത്.ബിഎൽഒമാരുടെ വാർഷിക അലവൻസായ 12,000 രൂപ ഉൾപ്പെടെയാണ് നിലവിൽ 47 കോടി രൂപ അനുവദിച്ചിരിക്കുന്നത്.