ഹോസ്റ്റൽ ഫീസ് അടച്ചില്ല; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞതായി പരാതി

 

തൃശൂർ വെറ്ററിനറി സർവകലാശാലയിൽ പരീക്ഷാഫലം തടഞ്ഞുവെച്ചെന്നാരോപിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. ഒന്നാം വർഷ വിദ്യാർഥികളായ 175 പേരുടെ പരീക്ഷാഫലമാണ് സർവകലാശാല തടഞ്ഞുവെച്ചതെന്നാണ് പരാതി.

കുത്തനെ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫലം തടഞ്ഞതെന്നാണ് വിദ്യാർഥികളുടെ ആരോപണം. നേരത്തെ 300 മുതൽ 400 രൂപ വരെയുണ്ടായിരുന്ന പ്രതിമാസ ഹോസ്റ്റൽ ഫീസ് 2,000 രൂപയായി വർധിപ്പിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ഇതോടെ ഒരു വിദ്യാർഥിക്ക് ഒരു വർഷം ഹോസ്റ്റൽ ഫീസിനത്തിൽ മാത്രം ഏകദേശം 24,000 രൂപ നൽകേണ്ടിവരും. ഫീസ് വർധന പിൻവലിക്കണമെന്നും തടഞ്ഞുവെച്ച പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം.